ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയുടെ നേതൃത്വത്തിലുള്ള സാന്തോം ബൈബിൾ കണ്വൻഷൻ ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഒന്നിനു രാവിലെ ഒന്‍പതിന് ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
ഷംഷാബാദ് ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ വചനപ്രഘോഷണത്തിനു നേതൃത്വം നൽകും. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന കണ്‍വൻഷനിൽ ഫാ. സാജു ഇലഞ്ഞിയിൽ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിശുദ്ധ കുർബാനയ്ക്കും കുന്പസാരത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും കണ്‍വൻഷനിൽ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ജനറൽ കണ്‍വീനർ ഫാ. ജോമി വാഴക്കാലായിൽ അറിയിച്ചു. വൈകുന്നേരം അഞ്ചുമുതൽ 8.30 വരെ ജീസസ് യൂത്ത് മിനിസ്ട്രിയുടെ സഹായത്തോടെ കിരണ്‍ 2ഗ25 എന്ന പ്രത്യേക പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്.
സീറോമലബാർ സഭയുടെ അതിരൂപതയായി ഫരീദാബാദ് രൂപതയെ ഉയർത്തിയതിന്റെ ചടങ്ങുകൾ രണ്ടിനു വൈകുന്നേരം തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി മാർ കുര്യാക്കോസ് ഭരണികുളങ്ങര ചുമതലയേൽക്കും.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിലാണു ചടങ്ങുകൾ. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരണ്‍ റിജിജു, ജോർജ് കുര്യൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.